അച്ചിങ്ങ പയർ എങ്ങനെ കൃഷി ചെയ്യാം?

അച്ചിങ്ങ പയർ എങ്ങനെ കൃഷി ചെയ്യാം?

ചെറുപ്പത്തിൽ അമ്മയോടൊപ്പം വീട്ടിൽ അച്ചിങ്ങ പയർ കൃഷി ചെയ്തിരുന്നെങ്കിലും, ഇയ്യിടെ വീണ്ടും കൃഷിയിലേക്ക് വന്നപ്പോൾ വിത്ത് കിട്ടാത്തതിനാൽ മമ്പയർ ആണ് ആദ്യം കൃഷി ചെയ്യാൻ തുടങ്ങിയത്.

മമ്പയർ പച്ചക്ക് കറിവെക്കാൻ അച്ചിങ്ങ പയറിനോളം നന്നല്ല. സ്വല്പം മൂത്തു പോയാൽ പിന്നെ ഉണങ്ങി മമ്പയർ ആക്കണം. ഉണങ്ങിയാൽ പൊളിച്ചിട്ടേ ഉപയോഗിക്കാൻ പറ്റൂ.

പയർ കൃഷിയിൽ ഏറ്റവും വലിയ വെല്ലുവിളി മണ്ടിരിങ്ങാ അഥവാ ഉറുമ്പിൻ പശു എന്ന് അറിയപ്പെടുന്ന ഒരു തരം പ്രാണികളാണ്. ഉറുമ്പുകളാണ് ഇവയെ പയർ ചെടികളിൽ എത്തിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. തളിർ ശിഖരങ്ങളിൽ ഇവ ധാരാളമായി ഉണ്ടായി പയർ ചെടിയുടെ നീര് ഊറ്റി കുടിക്കും. അവയുണ്ടാക്കുന്ന ഒരു മധുരമുള്ള ഹണി ഡ്യൂ ഉറുമ്പുകളുടെ ഇഷ്ട ഭോജനമാണ്. ദിവസവും രണ്ടോ മൂന്നോ നേരം വെള്ളം സ്പ്രൈ ചെയ്താണ് ഞാൻ അവയെ തുരത്താറുള്ളത്. അതൊരു മിനക്കെട്ട പണിയുമാണ്.

എന്നാൽ ഇക്കൊല്ലം സ്കൂൾ തുറന്നപ്പോൾ പേരക്കുട്ടിയുടെ സ്കൂളിൽ നിന്ന് കൊടുത്തുവിട്ട പയർ വിത്തുകൾ മുളച്ചുണ്ടായ ചെടികകിൽ എന്തുകൊണ്ടോ ഇതുവരെ മണ്ടിരിങ്ങാ പ്രാണികളുടെ ഉപഭദ്രവം കണ്ടിട്ടില്ല. വേറെ ഇനമായതുകൊണ്ടോ എന്ന് അറിയില്ല. ഇടക്കാലത്തു ഓൺലൈൻ ആയും കടകളിൽ നിന്നും വാങ്ങിയ പല തരം പയർ വിത്തുകൾ നട്ടപ്പോളും മണ്ടിരിങ്ങാ പ്രാണികളുടെ ശ്യല്യം ഉണ്ടായിരുന്നു.

ഇത്തവണത്തെ ചെടികൾ പരീക്ഷണാർത്ഥം ചെറിയ ചെടിച്ചട്ടികളിൽ ആണ് നട്ടിരുന്നത്. ഉണ്ടായത് ചെറിയ ചെടികൾ ആണെങ്കിലും വേഗം കായ്ച്ചു. മാത്രമല്ല, അവയിൽ നിന്നുണ്ടായ വിത്തുകൾ ഉപയോഗിച്ച് രണ്ടാം തലമുറ ചെടികളും ഉണ്ടായി, അവയും കായ്ക്കാൻ തുടങ്ങി. ഇത് വരെ നിലത്തെ മണ്ണിൽ നട്ടു നോക്കിയിട്ടില്ല. ഇനി ഇവക്ക് വിത്തുണ്ടാകുമ്പോൾ നോക്കാം എന്ന് വിചാരിക്കുന്നു.

ചെറുപ്പത്തിൽ അമ്മയോടൊപ്പം കൃഷി ചെയ്യുമ്പോൾ നിലത്തെ മണ്ണിലായിരുന്നു കൃഷി. രണ്ടില വളർച്ച വരുമ്പോൾ വെണ്ണീർ കടക്കൽ ഇട്ടു കൊടുത്ത് അതിന് മുകളിൽ സ്വല്പം മണ്ണും കൂടി ഇട്ടു കൊടുക്കും. പിന്നീട് വീണ്ടും കുറച്ചു ഇലകൾ വരുമ്പോൾ സ്വല്പം കൂടി ചാരവും മണ്ണും ഇട്ടു കൊടുക്കും. അന്ന് മഴക്കാലത്തിന്റെ തുടക്കത്തിലാണ് നട്ടിരുന്നതെന്നാണ് ചെറിയ ഓർമ്മ. ഓണക്കാലമാകുമ്പോളേക്കും പൂവും കായകളും ആകും. അന്നും മണ്ടിരിങ്ങാ പ്രാണികളുടെ ശല്യം ഉണ്ടായിരുന്നതായി ഓർക്കുന്നു. അന്ന് വീട്ടിൽ മോട്ടറും ഹോസ് പൈപ്പും ഒന്നും ഇല്ലാത്തതു കൊണ്ട് മണ്ടിരിങ്ങാ പ്രാണികളെ കൈകൊണ്ട് എടുത്തു കളയുകയാണ് പതിവും. അതും അത്ര എളുപ്പമായിരുന്നില്ല.

ഇപ്പോൾ ഗ്യാസ് സ്റ്റവും ഇൻഡക്ഷൻ കുക്കറും ആയതിനാൽ ചാരം കിട്ടാതായി. കരിയിലയും, കിച്ചൻ വെസ്റ്റും പറമ്പിലെ പുല്ലും മാത്രമായി വളം. ഇടക്കാലത്തു കടയിൽ നിന്ന് ഒരു മഞ്ഞ പൊടി രൂപത്തിൽ കിട്ടുന്ന ഓർഗാനിക് വളം ഉപയോഗിച്ചിരുന്നെങ്കിലും, ചിലവിനുള്ള മൂല്യം തോന്നാത്തതിനാൽ നിർത്തി. ചിലപ്പോൾ വേസ്റ്റ് കടലാസ്സ് കത്തിച്ച ചാരം സ്വല്പം ഇട്ടു കൊടുക്കാറുണ്ട്. എന്നാൽ പണ്ട് ഉപയോഗിച്ചിരുന്ന വിറക് കത്തിച്ച ചാരം പോലെ നന്നോ എന്ന് അറിയാത്ത് കൊണ്ട് അധികം ഇടാൻ തൃപ്തി ഇല്ല.

ഇടക്കാലത്തു ഒരു വയലറ്റ് വരയൻ ഇനം പയർ കൃഷി ചെയ്തു നോക്കിയിരുന്നു. കാട് പോലെ വളർന്ന് അടുത്തുള്ള ചെടി ചട്ടികളിലെ ചെടികളെ എല്ലാം മൂടി കളഞ്ഞെങ്കിലും ഒറ്റ പയർ പോലും ഉണ്ടായില്ല. കുറേ കാത്ത ശേഷം പൂർണ്ണമായി നീക്കം ചെയ്യേണ്ടി വന്നു.