എന്റെ കോളിഫ്ലവർ കൃഷിയുടെ ഒരു മുഴു നീള വിഡിയോ

എന്റെ കോളിഫ്ലവർ കൃഷിയുടെ ഒരു മുഴു നീള വിഡിയോ

ആദ്യമായി ഓൺലൈൻ ആയി വാങ്ങിച്ച കോളിഫ്ലവർ വിത്തുകൾ കുറെ ചെടി ചട്ടികളിൽ നട്ടു. നഴ്സറിയിൽ നിന്ന് പോട്ടിങ്ങ് മിക്സ്ചർ നിറച്ചു കൊണ്ടു വന്ന ചെടി ചട്ടികളിലാണ് നട്ടത്. പന്ത്രണ്ട് ഇഞ്ച് ചെടി ചട്ടികൾ ആയിരുന്നു അവ. ധാരാളം കുഞ്ഞു കോളിഫ്ലവർ ചെടികൾ മുളച്ചു വരുന്നത് കാണാം.

ഏതാനും ദിവസങ്ങൾ പ്രായമുള്ള കോളിഫ്ലവർ ചെടികളാണ് ഇവ, മിക്കവക്കും നാല് പുതിയ, സ്വല്പം കൂടി വലിപ്പമുള്ള ഇലകൾ കാണാം.

ഈ ചെടി ചട്ടികളിൽ കുറെ കൂടി നല്ല ഇലകൾ ഉള്ള ചെടികൾ കാണാം. നേരത്ത കണ്ടതും ഈ കാണുന്നതും വേറെ വേറെ സ്ഥലങ്ങളിൽ നട്ട ചെടികളാണ്. ഇവക്ക് കുറച്ചു കൂടി പുഷ്ടി ഉള്ളതായി കാണാം.

ചെടി ചട്ടികളിൽ ധാരാളം ചെടികൾ വളർന്നു വന്നപ്പോൾ സ്ഥല പരിമിതി ഉണ്ടായി. കുറച്ചു ചെടികൾ നിലത്തെ മണ്ണിൽ പറിച്ചു നട്ടു. കീടങ്ങളുടെ ശല്യം നന്നായി കാണാം. ഇലകൾക്ക് ധാരാളം ദ്വാരങ്ങളുണ്ട്.

നിലത്തെ മണ്ണിൽ പറിച്ചു നട്ട ശേഷം നന്നായി വളരുന്ന ഒരു കോളിഫ്ലവർ ചെടിയാണ് ഇത്. പക്ഷെ കോളിഫ്ലവർ ഉണ്ടായി തുടങ്ങിയിട്ടില്ല.

ചെടി ചട്ടികളിൽ തന്നെ നിലനിർത്തിയ ചെടികളും നന്നായി വളർന്നു, സ്ഥല പരിമിതി കുറച്ച് മെച്ചപ്പെട്ടപ്പോൾ. എന്നാൽ എല്ലാ ചെടികളും ഒരുപോലെയെല്ല വളർന്നിരുന്നത്. പല വലിപ്പത്തിലുള്ള ചെടികളും ഉണ്ട്.

കാത്തിരിപ്പിനൊടുവിൽ ഈ കോളിഫ്ലവർ ചെടിയിൽ കോളിഫ്ലവർ ആദ്യമായി കണ്ടപ്പോളുള്ള സന്തോഷം ഒന്ന് വേറെ തന്നെയായിരുന്നു. ഒരു കുഞ്ഞു കോളിഫ്ലവർ ഉണ്ടായി വരുന്നു.

പിന്നെ മറ്റു ചെടികളിലും കോളിഫ്ലവർ ഉണ്ടാകാൻ തുടങ്ങി. തരക്കേടില്ലാത്ത വളർച്ചയും ഉണ്ടായിരുന്നു. ചിലത് കീടങ്ങളുടെ ആക്രമണത്തിൽ നശിച്ചും പോയിരുന്നു.

ഈ കോളിഫ്ലവർ ഇത്രയുമായപ്പോൾ ഞാൻ പറിച്ചെടുത്തു. ഇനിയും വളരുമോ എന്ന് ഉറപ്പില്ലാത്തതിനാലും, കാത്തിരുന്നാൽ കീടങ്ങൾ തിന്നു തീർക്കുമോ എന്ന ആശങ്കയും മൂലം. മുൻപൊരെണ്ണം കാത്തിരുന്നപ്പോൾ കീടങ്ങൾ തീർത്തിരുന്നു.

അതിന് ശേഷം അതിലും വലിപ്പമുള്ള മറ്റു കോളിഫ്ലവറുകളും കിട്ടി. ആദ്യത്തേതല്ലാതിനാൽ കുറച്ചു കൂടി കാത്തിരിക്കാൻ ധൈര്യം വന്നു. അപ്പോൾ കോളിഫ്ലവർ നന്നായി വളരുകയും ചെയ്തു. എന്നാലും കടയിൽ നിന്ന് വാങ്ങുന്ന കോളിഫ്ളവറിന്റെ അത്ര വലിപ്പം ആയെന്ന് പറയാൻ വയ്യ.

ആദ്യമൊക്കെ കോളിഫ്ലവർ പറിച്ചെടുത്ത ശേഷം ചെടി പിഴുത് കളയുകയാണ് പതിവ്. ഈ ചെടി എന്തോ പിഴുത് കളയാൻ തോന്നിയില്ല. അപ്പോളാണ് ഒരു അത്ഭുതം കണ്ടത്. ചെടി വീണ്ടും തഴച്ചു വളരുന്നു. നല്ലവണ്ണം തടമെടുത്തു വളവും ഇട്ടു കൊടുത്തു, എന്ത് സംഭവിക്കും എന്ന് കാണാൻ.

കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ പല ശിഖരങ്ങളിലായി മൂന്ന് കോളിഫ്ലവറുകൾ കൂടി ഉണ്ടാകുന്ന അത്ഭുത കാഴ്ചയാണ് എന്നിക്ക് കാണാൻ പറ്റിയത്. അപ്പോൾ ഈ ചെടിയിൽ ആദ്യം പറിച്ചെടുത്തതടക്കം നാല് കോളിഫ്ലവറുകൾ ആയി. പിന്നീടുണ്ടായ മൂന്നെണ്ണം ചെറുതായിരുന്നു എന്ന് മാത്രം. ഇൻറർനെറ്റിൽ ഒരു പാട് സ്ഥലത്ത് വായിച്ചു നോക്കിയപ്പോൾ ഇങ്ങനെ ഉണ്ടാകാമെന്നും, അവയും ഭക്ഷ്യയോഗ്യമാണെന്നും കണ്ടു.