ബഹിരാകാശത്തും കൃഷിയോ?
|ബഹിരാകാശത്തും കൃഷിയോ?
അതെ, ബഹിരാകാശത്ത് കൃഷി പരീക്ഷിക്കുകയാണ് ഗ്രീൻക്യൂബ് എന്ന ഓമന പേരുള്ള ഇറ്റലി ഓസ്കർ 117 ഹാം റേഡിയോ ഉപഗ്രഹം. 6000 കിലോമീറ്റർ ഉയരത്തിലുള്ള മീഡിയം എർത്ത് ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഗ്രീൻക്യൂബ്, മൈക്രോ ഗ്രാവിറ്റിയിൽ സസ്യങ്ങൾ നട്ടുവളർത്തുന്നതിനുള്ള പരീക്ഷണത്തിനായി ബ്രാസിക്കേസിയെ വിഭാഗത്തിൽ പെടുന്ന മൈക്രോഗ്രീൻസ് വിത്തുകൾ വഹിക്കുന്നു.
നമുക്ക് പരിചിതമായ കാബേജും ബ്രൊക്കോളിയും ഉൾപ്പെടുന്ന സസ്യകുടുംബമാണ് ബ്രാസിക്കേസിയെ. ഗ്രീൻക്യൂബിന്റെ പ്രഷറൈസ്ഡ് കമ്പാർട്ട്മെന്റ് വായുവിന്റെ ഘടന, മർദ്ദം, ഈർപ്പം, ലൈറ്റിംഗ് അവസ്ഥകൾ, എന്നിവ സ്വയം നിയന്ത്രിക്കും. ദൃശ്യവും ഇൻഫ്രാറെഡും ക്യാമറകൾ ഉപയോഗിച്ച് ചെടികളുടെ വളർച്ച നിരീക്ഷിക്കും.
ഗ്രീൻക്യൂബ് എന്ന പേര് കൊടുക്കാനും ഇത് തന്നെയാണ് കാരണം. നിരവധി ക്യൂബിക്കൽ യൂണിറ്റുകൾ ചേർന്ന് നിർമ്മിച്ച ഉപഗ്രഹങ്ങളാണ് ക്യൂബ് സാറ്റുകൾ. ഭാവിയിൽ ചൊവ്വ പര്യവേഷണം പോലെയുള്ള ദീർഘ കാല ബഹിരാകാശ യാത്രകളിൽ ഭക്ഷണത്തിന് വേണ്ട പച്ചക്കറികൾ ബഹിരാകാശത്ത് വെച്ച് തന്നെ വിളയിക്കാമോ എന്നതിന്റെ മുന്നോടിയായി ഈ പരീക്ഷണം കാണാം.