ഗോൾഡ് ഫിഷും ഒരു ക്‌ളീനിംഗ് ഫിഷ് ആണോ?


ക്ളീനിംഗ് ഫിഷ് എന്നാൽ അക്വേറിയം വൃത്തിയായി സൂക്ഷിക്കുന്ന ജോലി ഏറ്റെടുക്കുന്ന മൽസ്യങ്ങളാണ്. ശുചീകരണ പ്രവർത്തി ഏറ്റടുക്കുന്ന പല മത്സ്യങ്ങളും ഉണ്ടെങ്കിലും ഗോൾഡ് ഫിഷിന് അങ്ങിനെ ഒരു ഗുണം ഉണ്ടെന്ന് അറിയില്ലായിരുന്നു. ഒച്ചുകളെ ആ ജോലി ഏല്പിക്കാമെങ്കിലും വളരെ വേഗം പെരുകി ജലസസ്യങ്ങൾ മുഴുവൻ തിന്നു തീർക്കാനുള്ള സാധ്യതയുണ്ട്. രണ്ട് ഗോൾഡ് ഫിഷുകളെ വാങ്ങി പിറ്റേ ദിവസം അക്വേറിയം നോക്കിയപ്പോൾ വെള്ള മണലിൽ നിറയെ ചെറിയ കുഴികൾ കണ്ടു. മണലിലെ അവശിഷ്ടങ്ങളെല്ലാം കാണാനുമില്ല. നോക്കിയിരുന്നപ്പോൾ അതാ ഒരു ഗോൾഡ് ഫിഷ് വന്ന് മണൽ കൊത്തിക്കൊണ്ടിരിക്കുന്നു. ഇടക്ക് വായിൽ കയറിയ സ്വല്പം മണൽ തുപ്പി കളയുന്നതും കണ്ടു.

ഗൂഗിളിൽ തിരഞ്ഞപ്പോളാണ് തികച്ചും അപ്രതീക്ഷിതമായി, ഒരു വെബ്‌സൈറ്റിൽ, ക്‌ളീനിംഗ് ഫിഷുകളുടെ ലിസ്റ്റിൽ എട്ടാമതായി ഗോൾഡ് ഫിഷ് കാണുന്നത്! അക്വേറിയത്തിന്റെ മണലിൽ വീഴുന്ന ഭക്ഷണവും, മത്സ്യ അവശിഷ്ടങ്ങളും, ആൽഗയും ഗോൾഡ് ഫിഷ് അകത്താക്കുമെത്രെ! ഗോൾഡ് ഫിഷ് ടാങ്കിൻ്റെ അടിഭാഗം വളരെ വൃത്തിയായി സൂക്ഷിക്കുമെന്ന് നേരിൽ കണ്ടപ്പോൾ ബോധ്യമായി! ഭക്ഷ്യയോഗ്യമാണോ എന്നറിയാൻ ഗോൾഡ് ഫിഷ് കാണുന്ന എല്ലാം കൊത്തി നോക്കുമെത്രെ. അതിനാൽ അക്വേറിയത്തിൽ ഗോൾഡ് ഫിഷ്-സേഫ് സസ്യങ്ങൾ മാത്രമേ ഉപയോഗിക്കാവു എന്നും എഴുതിയിരിക്കുന്നു!