ചെടി ചട്ടികളിൽ കൂർക്ക കൃഷി പൊടി പൊടിക്കുന്നു!
|ചെടി ചട്ടികളിൽ കൂർക്ക കൃഷി പൊടി പൊടിക്കുന്നു!
മുൻപ് കുറച്ചു ദൂരെയുള്ള കുഞ്ഞു കൃഷിയിടങ്ങളിൽ കൂർക്ക കൃഷി ചെയ്തപ്പോൾ വേനൽ വന്നപ്പോൾ മുഴുവൻ ഉണങ്ങി പോയി. അതിനാൽ ഇത്തവണ വീട്ടിൽ ചെടി ചട്ടികളിൽ പരീക്ഷിക്കാം എന്ന് കരുതി. പഴയ സെറ്റ് ഉണങ്ങി തീരുന്നതിന് മുൻപ് കുറച്ചു ചെടികൾ പറിച്ചെടുത്ത് വീട്ടിൽ കൊണ്ടുവന്ന് ചെടിച്ചട്ടികളിൽ നട്ടു. വലിയ ചെടികളുടെ ശിഖരങ്ങൾ നുള്ളിയെടുത്ത് മറ്റു ചെടി ചട്ടികളിൽ നട്ടു. വീട്ടിൽ ഇപ്പോൾ ജല ദൗർലഭ്യമില്ലാത്തതിനാൽ എല്ലാം നന്നായി വളരുന്നുണ്ട്.
കൂർക്കക്ക് ചൈനീസ് പൊട്ടറ്റോ എന്നൊരു പേരുമുണ്ട്. ഉരുളക്കിഴങ്ങിനോട് സമാനമായ പോഷകഗുണങ്ങളുമുണ്ട് എന്നാണ് പറയപ്പെടുന്നത്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉപകരിക്കുന്ന ഫ്ളേവനോയിഡുകളും ഉണ്ടത്രേ! വേപ്പിൻ പിണ്ണാക്ക് വളമായി കൊടുക്കുന്നത് നല്ലതാണെന്ന് കേട്ടു. ഇനി അത് എവിടെ കിട്ടുമെന്ന് നോക്കണം. നട്ട് അഞ്ചാം മാസം വിളവെടുക്കാമെന്നാണ് വായിച്ചത്. പക്ഷെ ഇത് വരെ വര്ഷാവസാനമല്ലാതെ കൂർക്ക മാർക്കറ്റിൽ വരാൻ തുടങ്ങുന്നത് കണ്ടിട്ടില്ല. വള്ളികൾ ഉണങ്ങുമ്പോളാണത്രെ വിളവെടുക്കേണ്ടത്.
ചില ചെടിച്ചട്ടികളിൽ കൂർക്കയുടെ കൂടെ പയർ ചെടിയും കാണാം. അവ നൈട്രജൻ വളം സ്വയം ഉണ്ടാക്കുന്ന ബാക്ടീരിയ വേരുകളിൽ വഹിക്കുന്നവയാണല്ലോ. ഇതേ കാരണത്താൽ മുൻപ് പയർ കൃഷി ചെയ്തിരുന്ന ചില ചെടി ചട്ടികളിലും കൂർക്ക നട്ടിട്ടുണ്ട്.