വെണ്ട കൃഷി ചെയ്യുന്ന എന്റെ രീതി

വെണ്ട കൃഷി ചെയ്യുന്ന എന്റെ രീതി

വെണ്ട കൃഷി ചെയ്യാൻ താരതമ്യേന എളുപ്പമാണെന്നാണ് എന്റെ കഴിഞ്ഞ മൂന്ന് കൊല്ലമായുള്ള അനുഭവം. ചെറിയ തോതിലുള്ള വീട്ടാവശ്യത്തിനുള്ള കൃഷിയാണ് ഞാൻ ഉദ്ദേശിക്കുന്നത്, വൻതോതിൽ വില്പനക്കായുള്ളതല്ല. മുൻപ് ചെറുപ്പത്തിലും വീട്ടിൽ അമ്മയോടൊപ്പം വെണ്ട കൃഷി ചെയ്തിരുന്നെങ്കിലും, ഇത് പോലെ തുടർച്ചയായി കൃഷി ചെയ്തിരുന്നില്ല.

ആദ്യമൊക്കെ ചെടിച്ചട്ടികളിൽ മാത്രമായിരുന്നു കൃഷി. പിന്നീട് മുറ്റത്തുള്ള കോൺക്രീറ്റ് ടൈലുകൾ അല്പം മാറ്റി അവിടെയും നടാൻ തുടങ്ങി. കോവിഡ് പ്രശ്നങ്ങൾ കുറഞ്ഞപ്പോൾ മറ്റു രണ്ട് ചെറിയ കൃഷിയിടങ്ങളിലും കൂടി കൃഷി ചെയ്യാൻ തുടങ്ങി.

തുടക്കത്തിൽ ഓൺലൈൻ ആയി വിത്ത് വരുത്തിയാണ് കൃഷി ചെയ്യാറ്. പിന്നെ അടുത്തുള്ള കടയിൽ നിന്ന് വാങ്ങാൻ തുടങ്ങി. കുറച്ചു കൂടി കഴിഞ്ഞപ്പോൾ ഇവിടെ ഉണ്ടാകുന്ന വെണ്ടക്കൾ കറിക്കെടുത്ത ശേഷം മിച്ചമുള്ളത് വിത്താക്കാൻ തുടങ്ങി. എല്ലാ രീതികളും തരക്കേടില്ലായിരുന്നു എന്ന് തന്നെ പറയാം.

പലപ്പോഴും ചെടിച്ചട്ടിയിൽ വിത്ത് പാകി മുളപ്പിച്ച ശേഷം ഏകദേശം രണ്ടോ മൂന്നോ ഇലകൾ വന്ന ശേഷം പറിച്ചു നാടാറുമുണ്ട്. ചിലപ്പോൾ നിലത്ത് തന്നെ ചെറിയ കുഴികളിലും നടാറുണ്ട്. മിക്ക ഇനങ്ങളും നാലാം ദിവസം മുളക്കും. ചിലത് ഒന്നോ രണ്ടോ ദിവസം അധികം എടുത്തേക്കാം.

ചില ഇനങ്ങൾ രണ്ട് മീറ്റർ വരെ ഉയരം വെക്കാറുണ്ട്. ആ ഇനം കായ്ക്കാൻ വൈകാറുണ്ട്. എന്നാൽ അധികം വളരാത്ത ഇനം വളരെ നേരത്തെ തന്നെ കായ്ക്കാറുണ്ട്. രണ്ട് ഇനങ്ങളും തമ്മിൽ രുചിയിൽ വ്യെത്യാസമൊന്നും തോന്നിയിട്ടില്ല. ഉപ്പേരി ഉണ്ടാക്കാനും മപ്പാസ് കറി വെക്കാനും, സാമ്പാറിൽ ചേർക്കാനുമെല്ലാം ഉത്തമം.

വളമായി ഇട്ടു കൊടുക്കാറ് നിലത്തു വളരുന്ന പുല്ലും കിച്ചൻ വെസ്റ്റുമാണ്. തുടക്കത്തിൽ കടയിൽ നിന്ന് വാങ്ങിയ മഞ്ഞ പൊടിയായി കിട്ടുന്ന ഒരു തരം ഓർഗാനിക് വളം ഇട്ടു കൊടുത്തിരുന്നു. ചിലവിനുള്ള മൂല്യം തോന്നാത്തതിനാൽ പിന്നീടത് നിർത്തി.

കുറച്ച് കഴിഞ്ഞപ്പോൾ വെണ്ട ചെടിക്ക് കൂട്ടായി പയർ ചെടി നടാൻ തുടങ്ങി. ഇത് കൊണ്ട് രണ്ട് ഗുണമാണ് എനിക്കുണ്ടായിരുന്നത്. വെണ്ട കായ്ച്ച് തീരാറാവുമ്പോളാണ് തൊട്ടടുത്ത് പയർ നടുക. പയർ പടർത്താൻ ഉണങ്ങാറായ വെണ്ട ചെടികൾ ഉപയോഗിക്കും. പയറിന് ശേഷം വീണ്ടും വെണ്ട നടുമ്പോൾ ക്രോപ് റോട്ടേഷൻ ആയി. പയറിന്റെ വേരിലുള്ള നൈട്രജൻ ഫിക്സിങ് ബാക്ടീരിയ ഉണ്ടാക്കുന്ന വളം ഉപയോഗപ്പെടും.