വേനലായി, ചെടികളുടെ കടക്കലെ മണ്ണിളക്കിയിടാം. എന്തിനാണെന്നോ?

പണ്ടൊക്കെ മഴക്കാലം കഴിയുന്നതോടെ പറമ്പ് കിളപ്പിക്കുന്ന പതിവുണ്ടായിരുന്നു. അതിന്റെ ശാസ്ത്രീയ വശം പിന്നീടാണ് മനസ്സിലായത്. ഇളകി കിടക്കുന്ന മണ്ണിൽ വലിയ ദ്വാരങ്ങൾ ആയതിനാൽ കാപ്പിലറി പ്രവർത്തനം വഴിയുള്ള ജല നഷ്ടം കുറവായിരിക്കും. ഉറച്ച മണ്ണിൽ സുഷിരങ്ങൾ ചെറുതായതിനാൽ അടിമണ്ണിലെ ജലം കാപ്പിലറി പ്രവർത്തനം വഴി എളുപ്പത്തിൽ പ്രതലത്തിൽ എത്തുകയും ബാഷ്പീകരിച്ച് പോവുകയും ചെയ്യും. ഫലം മണ്ണ് കൂടുതൽ വരണ്ടതാക്കും. ജല നഷ്ടം കുറയ്ക്കുകയാണ് മണ്ണ് കിളച്ചിടുക എന്ന നാട്ടറിവിന്റെ ശാസ്ത്രീയ വശം. ഇതേ തത്വമാണ് വേനലാകുമ്പോൾ ചെടികളുടെ ചുവട് കുത്തി ഇളക്കുന്നതിലൂടെ ഞാൻ ഉദ്ദശിക്കുന്നത്. വേരോടാനും എളുപ്പമാകുമെന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. കുത്തി ഇളക്കുമ്പോൾ അധികം വേരുകൾ നഷ്ടപ്പെടാത്ത നോക്കണം. മേലെ ഉണങ്ങിയ ഇലകൾ വിതറി mulching അഥവാ പുതയിടൽ നടത്തിയും ജല നഷ്ടം കുറയ്കാം.