ഈ വെള്ളരി ചെടി കായ്ക്കാൻ എന്ത് ചെയ്യണം?

വെള്ളരി നന്നായി കായ്ക്കാനും നല്ല വിളവ് ലഭിക്കാനും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ തിരഞ്ഞു നോക്കിയപ്പോൾ കിട്ടിയ വിവരങ്ങൾ പങ്കുവെക്കാം.

1. വിത്തിടുമ്പോൾ ശ്രദ്ധിക്കാൻ

  • സൂര്യപ്രകാശം: കുറഞ്ഞത് 6-8 മണിക്കൂർ നേരിട്ട് വെയിൽ ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക.
  • തടം ഒരുക്കൽ: മണ്ണിൽ ധാരാളം ജൈവവളം ചേർത്ത് തടമൊരുക്കുക. കുമ്മായം ചേർക്കുന്നത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കാൻ സഹായിക്കും.

2. നനയും വളപ്രയോഗവും

  • നന: മണ്ണിൽ എപ്പോഴും ഈർപ്പം ഉണ്ടായിരിക്കണം. എന്നാൽ വെള്ളം കെട്ടിക്കിടക്കരുത്. കായ്കൾ പിടിക്കുന്ന സമയത്ത് നന കുറഞ്ഞാൽ കായ്കൾക്ക് കൈപ്പ് വരാൻ സാധ്യതയുണ്ട്.
  • വളം: ചെടി വളർന്നു തുടങ്ങുമ്പോൾ ആഴ്ചയിലൊരിക്കൽ കടലപ്പിണ്ണാക്ക്-ചാണക ലായനി പുളിപ്പിച്ചത് ഒഴിച്ചു കൊടുക്കുന്നത് വള്ളി വീശാൻ സഹായിക്കും എന്ന് കേട്ടിട്ടുണ്ട്. കായ പിടിച്ചു തുടങ്ങുമ്പോൾ ചാരം വിതറുന്നത് നല്ലതാണ്.

3. പരാഗണം (Pollination)

വെള്ളരിയിൽ ആൺപൂക്കളും പെൺപൂക്കളും വെവ്വേറെയാണ് ഉണ്ടാകുന്നത്. പലപ്പോഴും പരാഗണം നടക്കാത്തതാണ് പിഞ്ചു കായകൾ കൊഴിഞ്ഞുപോകാാനുള്ള പ്രധാന കാരണം.

  • കൈകൊണ്ടുള്ള പരാഗണം: തേനീച്ചകൾ കുറവാണെങ്കിൽ, രാവിലെ 8 മണിക്ക് മുൻപായി വിരിഞ്ഞ ആൺപൂവ് അടർത്തി പെൺപൂവിന്റെ (പൂവിന്റെ താഴെ ചെറിയ വെള്ളരി ഉണ്ടാകും) മധ്യഭാഗത്ത് ഉരസുക.
  • പൂക്കൾ വർദ്ധിപ്പിക്കാൻ: വള്ളി ഏകദേശം 5-6 ഇലകൾ വന്നാൽ തലപ്പ് നുള്ളി വിടുന്നത് (Pruning) കൂടുതൽ പാർശ്വവള്ളികൾ ഉണ്ടാകാനും അതുവഴി കൂടുതൽ പെൺപൂക്കൾ ഉണ്ടാകാനും സഹായിക്കും.

4. കീട നിയന്ത്രണം

  • മത്തൻ വണ്ട്: ഇലകൾ തിന്നു നശിപ്പിക്കുന്ന ഇവയെ പിടിച്ചു മാറ്റുകയോ, വേപ്പെണ്ണ നേർപ്പിച്ച് തളിക്കുകയോ ചെയ്യാം.
  • കായീച്ച: വെള്ളരിയുടെ പ്രധാന ശത്രുവാണിത്. കായീച്ചയെ അകറ്റാൻ ‘ഫെറമോൺ കെണികൾ’ വയ്ക്കുന്നത് വളരെ ഫലപ്രദമാണ്. കായ്കൾ ഉണ്ടായ ഉടൻ തന്നെ പ്ലാസ്റ്റിക് കവറോ പേപ്പറോ കൊണ്ട് പൊതിയുന്നതും നല്ലതാണ്.

5. വള്ളി ഒരുക്കൽ

  • പടരാൻ സൗകര്യം: വെള്ളരി നിലത്ത് പടർത്തുന്നതിനേക്കാൾ നല്ലത് പന്തൽ ഇട്ടു കൊടുക്കുന്നതാണെത്രെ. ഇത് കായ്കൾ ചീഞ്ഞുപോകാതിരിക്കാനും കീടബാധ കുറയ്ക്കാനും സഹായിക്കുമെന്ന്. പക്ഷെ മുൻപൊക്കെ ഞാൻ കണ്ടിരിക്കുന്നത് വെള്ളരി വയലിലും പുരപ്പുറത്തുമൊക്ക കായ്ച്ചു നിൽക്കുന്നതാണ്. പന്തലിട്ടാൽ, വെള്ളേരിക്ക താങ്ങി നിർത്താൻ സംവിധാനം വേണ്ടി വരുമോ എന്നാണെന്റെ സംശയം.