പിങ്ക് ചെത്തി എയർ ലെയറിങ് പരീക്ഷണം കാണാം!
|പിങ്ക് ചെത്തി എയർ ലെയറിങ് പരീക്ഷണം കാണാം!
എന്റെ പൂന്തോട്ടത്തിൽ ഒന്നോ രണ്ടോ പിങ്ക് ചെത്തി ചെടികളെ ഉള്ളു. അവ ഒരുപാട് കാലമായി ചെടിച്ചട്ടികളിൽ മുരടിച്ചു നിൽക്കുകയാണ്. ഒരിക്കൽ കമ്പ് വെട്ടി നട്ടു നോക്കിയെങ്കിലും ഉണങ്ങി പോയി. പിങ്ക് ചെത്തി പൂക്കൾക്ക് സാധാരണ കാണുന്ന ചുവന്ന ചെത്തി പൂക്കളെക്കാളും ഭംഗിയുള്ളതായി എനിക്ക് തോന്നുന്നു. അതിനാൽ പുതിയ ചെടി പറമ്പിൽ നട്ടാൽ തഴച്ചു വളരുമോ എന്നൊരു പ്രതീക്ഷ. അതാണ് എയർ ലെയറിങ് പരീക്ഷിക്കാൻ ഒരുങ്ങുന്നത്.
എന്റെ ചേട്ടൻ പറഞ്ഞു തന്ന രീതിയാണ് ഞാൻ ഇവിടെ പരീക്ഷിക്കുന്നത്. എയർ ലെയറിങ് കിറ്റിന് പകരം ഒരു പഴയ കവറും ചരടുകളുമാണ് ഉപയോഗിക്കുന്നത്.

എയർ ലെയറിങ് ചെയ്യാൻ ഉദ്ദേശിച്ച സ്ഥലത്തു തൊലി ചുരണ്ടി കളഞ്ഞു.

കവറിന്റെ താഴെ ഭാഗത്ത് ഒരു ദ്വാരം ഉണ്ടാക്കിയ ശേഷം തൊലി ചുരണ്ടിയ ഭാഗം കവറിന് ഉള്ളിൽ ആക്കി.

കവറിന്റെ താഴെ ഭാഗം ചരടുകൊണ്ട് ചെടിയുടെ കമ്പിൽ നന്നായി കെട്ടി വെച്ചു.

കവറിൽ മണ്ണ് നിറച്ച ശേഷം കവറിന്റെ മേൽവശം തണ്ടിനോട് ചേർത്ത് കെട്ടിവെച്ചു. ഇനി ഒരു നീണ്ട കാത്തിരിപ്പാണ്, മണ്ണിലേക്ക് വേരുകൾ ഇറങ്ങുന്നുണ്ടോ എന്ന് നോക്കാൻ. വേരുകൾ നന്നായി ഇറങ്ങുന്നുണ്ടെങ്കിൽ അതിന് താഴെ കമ്പ് മുറിച്ച് മണ്ണിൽ നടും. അപ്ഡേറ്റുകൾ പിന്നീട് പോസ്റ്റ് ചെയ്യാം.
