ഇസിജി നോർമൽ ആണെങ്കിലും ഹൃദ്രോഗം ഉണ്ടാകാമോ?
ഇസിജി ഒരു ലളിതമായ ടെസ്റ്റും, വ്യാപകമായി ലഭ്യമായതും, ഒരു നൂറ്റാണ്ടിലേറെയായി ഉപയോഗത്തിലുള്ളതാണെങ്കിലും, പല സാഹചര്യങ്ങളിലും അതിന് പരിമിതികളുണ്ട്. കൊറോണറി ഹൃദ്രോഗത്തിന്റെ കാര്യത്തിൽ, ഗുരുതരമായ ബ്ലോക്കുകൾ ഉള്ളവർക്ക് പോലും നോർമൽ ഇസിജി ഉണ്ടാകാം. ഹാർട്ട് അറ്റാക്കിന്റെ രോഗനിർണ്ണയത്തിൽ ഇസിജിയെ മറികടക്കുന്ന പരിശോധനകൾ വളരെ കുറവാണ് എന്ന വസ്തുത ഉണ്ടായിരുന്നിട്ടു പോലും. ഹൃദയ വാൽവുകളുടെ ചില രോഗങ്ങളിലും, ഹൃദയഭിത്തിയുടെ ചെറിയ ദ്വാരങ്ങൾ ഉള്ളവരിലും ഇസിജി നോർമൽ ആകാം. അപകടങ്ങളിൽ ഹൃദയപേശികളിൽ ഉണ്ടാവുന്ന വിള്ളലുകൾ മാരകമായ അവസ്ഥയാണെങ്കിലും, അവയിൽ ചിലപ്പോൾ ഇസിജി നോർമൽ ആകാം. ചാനലോപ്പതികൾ എന്ന് അറിയപ്പെടുന്ന ഹൃദയത്തിന്റെ വൈദ്യുത സംവിധാനത്തിലെ വൈകല്യങ്ങളിലും ചിലപ്പോൾ ഇസിജി നോർമൽ ആകാം. ബ്രൂഗാഡ സിൻഡ്രോം, ലോങ്ങ് ക്യു ടി സിൻഡ്രോം എന്നീ അപകടകരമായ രോഗങ്ങൾ ഉള്ളവരിൽ ചില സമയങ്ങളിൽ ചിലപ്പോൾ ഇസിജി നോർമൽ ആയിരിക്കും.


