വ്യായാമത്തോടൊപ്പം ഹൃദയമിടിപ്പ് വർദ്ധിക്കുന്നില്ലെങ്കിൽ എന്ത് സംഭവിക്കും?
സ്ട്രോക്ക് വോളിയം, ഹൃദയമിടിപ്പ് എന്നിവയുടെ പ്രോഡക്റ്റ് ആണ് കാർഡിയാക് ഔട്ട്പുട്ട്. വ്യായാമത്തോടൊപ്പം ഹൃദയമിടിപ്പ് വർദ്ധിക്കുന്നില്ലെങ്കിൽ, കാർഡിയാക് ഔട്ട്പുട്ട് അഥവാ ഹൃദയം ഒരു മിനിറ്റിൽ പമ്പ് ചെയ്യുന്ന രക്തത്തിന്റെ അളവ്, വേണ്ടത്ര ഉയരുകയില്ല. വ്യായാമത്തിന്റെ തീവ്രത വർദ്ധിക്കുന്നതിനനുസരിച്ച് ഹൃദയമിടിപ്പ് ക്രമാനുഗതമായി വർദ്ധിക്കുമെന്ന് സാധാരണയായി പ്രതീക്ഷിക്കുന്നു. ഹൃദയമിടിപ്പ് ക്രമാനുഗതമായി വർദ്ധിക്കുന്നില്ലെങ്കിൽ, അത് ക്രോണോട്രോപിക് ഇൻകോംപീറ്റൻസ് എന്ന് അറിയപ്പെടുന്നു. വ്യായാമം ചെയ്യുന്ന പേശികളിലെ രക്തക്കുഴലുകൾ വ്യായാമം ചെയ്യുന്ന പേശികൾക്ക് ആവശ്യമായ കൂടുതൽ രക്തം എടുക്കുന്നതിനാൽ, വ്യായാമത്തിനൊപ്പം കാർഡിയാക് ഔട്ട്പുട്ട് വർദ്ധിക്കുന്നില്ലെങ്കിൽ തലച്ചോറിലേക്കുള്ള രക്ത സഞ്ചാരം കുറയാം. അതിനാൽ ക്രോണോട്രോപിക് ഇൻകോംപീറ്റൻസ് ഉണ്ടാകുമ്പോൾ വ്യായാമ വേളയിൽ തലചുറ്റൽ, ബോധക്കേട് എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.


