പച്ചക്കറി സസ്യങ്ങൾ പൂക്കുന്നു, പക്ഷേ ഫലങ്ങളില്ല, എന്ത് കൊണ്ട്?

കുറെ കാലമായി എന്ക്കിവിടെയുള്ള ഒരു പ്രശ്നമിതാണ്, പച്ചക്കറി ചെടികൾ നന്നായി വളരും, പൂക്കും, പക്ഷേ കായ്‌ഫലമില്ല. വിശദമായി അന്വേഷിച്ചപ്പോൾ ചില കാരണങ്ങൾ കണ്ടെത്തി, ഇനി പരീക്ഷണങ്ങളാണ്, ഫലം പിന്നീടറിയാം!

പരാഗണ പ്രശ്നങ്ങൾ:

തേനീച്ചകൾ പോലുള്ള സ്വാഭാവിക പരാഗണകാരികളുടെ അഭാവം, അല്ലെങ്കിൽ ചില സസ്യങ്ങൾക്ക്, വ്യത്യസ്ത ഇനങ്ങൾക്കിടയിൽ പരപരാഗണത്തിന്റെ ആവശ്യകത. കുമ്പളങ്ങ, വെള്ളരി തുടങ്ങിയ ചില സസ്യങ്ങൾ ആദ്യം ആൺപൂക്കൾ ഉത്പാദിപ്പിക്കുന്നു, തുടർന്ന് പെൺപൂക്കൾ അടിഭാഗത്ത് ചെറിയ കായ്കൾ ഉണ്ടാകുന്നു.

പക്ഷെ ഇവിടെ പ്രാണികൾക്ക് ക്ഷാമമില്ല, കൂടുതലാണ്. മിക്കവാറും ഇല തിന്നുന്ന പ്രാണികളാണ്. അവ കൂടുതലായതുകൊണ്ട് തേനീച്ചകളുടെ വരവ് കുറയുന്നുണ്ടോ? തേനീച്ചകളെ ഇടക്കൊക്കെ കാണാറുണ്ട്.

നിർദേശിക്കപ്പെട്ട പരിഹാരം:

ഒരു ചെറിയ ബ്രഷ് ഉപയോഗിച്ച് ആൺപൂക്കളിൽ നിന്ന് പെൺപൂക്കളിലേക്ക് പരാഗണം മാറ്റിക്കൊണ്ടോ പൂക്കൾ കമ്പനം ചെയ്യുന്നതിനായി ചെടിയെ സൌമ്യമായി കുലുക്കിക്കൊണ്ടോ കൈകൊണ്ട് പരാഗണം നടത്തുക. സാധ്യമെങ്കിൽ, അതിരാവിലെ ചൂടിന് മുമ്പ് പെൺപൂക്കളിൽ കൈകൊണ്ട് പരാഗണം നടത്തുക.

തക്കാളി ചെടികളിൽ ഒരിക്കൽ ഞാൻ ഇത് പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. ഫലമുണ്ടായില്ല. ഒരു പക്ഷെ പല തവണ ശ്രമിക്കണമായിരിക്കും. പിന്നെ തക്കാളി ചെടികൾക്ക് ആണ് പൂക്കളും പെൺപൂക്കളും ഉള്ളതായി എനിക്കറിവില്ല. പാവൽ, വെള്ളരി, മത്തൻ, പടവലം മുതലായവക്ക് ഉള്ളതായറിയാം, കണ്ടിട്ടുമുണ്ട്.

പോഷക അസന്തുലിതാവസ്ഥ:

അമിതമായ നൈട്രജൻ വളം ഇലകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ഫല ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

നിർദേശിക്കപ്പെട്ട പരിഹാരം:

പൂവിടുന്നതിനും കായ്ക്കുന്നതിനും പിന്തുണയ്ക്കുന്ന, നൈട്രജൻ കുറവുള്ളതും, ഉയർന്ന ഫോസ്ഫറസും പൊട്ടാസ്യവും അടങ്ങിയ വളം ഉപയോഗിക്കുക.

ഇത് എന്റെ കാര്യത്തിൽ ശരിയായിരിക്കാം. ഞാൻ എപ്പോഴും 19:19:19 NPK മിശ്രിതമാണ് ഉപയോഗിക്കാറ്. ഇയ്യിടെയായി ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും ചേർക്കാറുണ്ട്. ചാരത്തിൽ പൊട്ടാസിയം കൂടുതലാണ് എന്ന് കേട്ടിട്ടുണ്ട്. ചെറുപ്പത്തിൽ പയറിന് ഞങ്ങൾ അതാണ് നൽകാറുള്ളത്. പക്ഷെ ഗ്യാസ് അടുപ്പും ഇൻഡക്ഷൻ കുക്കറും വന്നപ്പോൾ ചാരമെവിടെ? എല്ല് പൊടിയിൽ ഫോസ്ഫറസ് ഉണ്ടാകും. മുൻപ് ഇവിടെ എല്ലുപൊടിയും ചാണകപ്പൊടിയും ചേർന്ന മിശ്രിതം ഉപയോഗിച്ചിട്ടുണ്ട്.

താപനില:

അമിതമായ ചൂട് (90°F-ന് മുകളിൽ) പൂക്കൾ കൊഴിഞ്ഞു പോകാനും, പൂമ്പൊടി പരാഗണത്തിന് പറ്റാത്തവയുമാകാം. തണുത്ത താപനില കായ്കൾ ഉണ്ടാകുന്നത് തടയുകയും ചെയ്യും.

ഇവിടം പൊതുവെ ചൂട് കൂടുതലുള്ള പ്രദേശം തന്നെയാണ്. തണുപ്പിന്റെ പ്രശ്നം ഉണ്ടാകാറില്ല.

നിർദേശിക്കപ്പെട്ട പരിഹാരം:

ഉഷ്ണതരംഗ സമയത്ത് സസ്യങ്ങൾക്ക് ആവശ്യത്തിന് നനവ് നൽകുന്നുണ്ടെന്ന് ഉറപ്പാക്കുക. ഞാൻ ദിവസവും ഒരു തവണയേ നനക്കാറുള്ളു. രണ്ടു നേരം നനച്ചാൽ മെച്ചമായിരിക്കുമോ? തുള്ളി നന, അഥവാ, ഡ്രിപ് ഇറിഗേഷൻ നന്നാവുമായിരിക്കും.

പാരിസ്ഥിതിക ഘടകങ്ങൾ:

സൂര്യപ്രകാശത്തിന്റെ അഭാവവും (6 മണിക്കൂറിൽ താഴെ മാത്രം നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നത്), കൂടാതെ ശരിയായ രീതിയിൽ നനയ്ക്കാത്തതും ചെടിയെ സമ്മർദ്ദത്തിലാക്കും.

ഇത് ഇവിടെ ഒരു പ്രശ്നമായിരിക്കാം. പച്ചക്കറി ചെടികൾ പിന്നാമ്പുറത്ത് വെയിൽ കുറഞ്ഞ സ്ഥലങ്ങളിലാണ്. മുൻവശം അലങ്കാര സസ്യങ്ങൾക്കായി നീക്കിവെച്ചിരിക്കുകയാണ്.

നിർദേശിക്കപ്പെട്ട പരിഹാരം:

സാധ്യമെങ്കിൽ കൂടുതൽ വെയിൽ ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് ചെടികൾ മാറ്റുക. മണ്ണിന്റെ ഈർപ്പം പരിശോധിച്ച് കൃത്യമായി നനയ്ക്കുക.

ചെടിയുടെ പക്വത:

പുതുതായി നട്ട ഒരു പച്ചക്കറി ഫലം കായ്ക്കാൻ സമയമെടുക്കാം. ഇത് തികച്ചും ശരിയാണ്. പല സസ്യങ്ങളും കുറച്ചു കഴിയുമ്പോൾ കായ്ക്കാറുണ്ട്.