ഹൃദയാഘാതം ഉണ്ടായാൽ സി.പി.ആർ (CPR) ഫലപ്രദമാണോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഹൃദയസ്തംഭനം (Cardiac Arrest) ഉണ്ടാകുമ്പോൾ ഒരാളുടെ ജീവൻ രക്ഷിക്കാൻ ലഭ്യമായ ഏറ്റവും മികച്ച പ്രാഥമിക ചികിത്സയാണ് സി.പി.ആർ (CPR – Cardiopulmonary Resuscitation). ഇത് കൃത്യസമയത്ത് നൽകുന്നത് വഴി ഒരാളുടെ അതിജീവന സാധ്യത രണ്ട് മുതൽ മൂന്ന് മടങ്ങ് വരെ വർദ്ധിപ്പിക്കാൻ സാധിക്കും. ഹൃദയാഘാതം (Heart Attack) ഉണ്ടാകുന്നത വ്യെക്തികളിൽ ചിലപ്പോൾ നെഞ്ചുവേദന തുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ ഹൃദയസ്തംഭനം (Cardiac Arrest) ഉണ്ടാകാം. ഹൃദയാഘാതത്തോടൊപ്പം ഹൃദയസ്തംഭനം ഇല്ലെങ്കിൽ CPR അല്ല നൽകേണ്ടത്, അടിയന്തര വൈദ്യസഹായമാണ്. CPRൽ നെഞ്ച് അമർത്തുന്നതിനിടയിൽ കൃത്രിമ ശ്വാസവും നൽകേണ്ടതുണ്ട്. പക്ഷെ പല സാഹചര്യങ്ങളിലും അത് നടന്നെന്ന് വരില്ല. അതുകൊണ്ടാണ് നെഞ്ച് അമർത്താൻ മാത്രം (COR) – കംപ്രഷൻ ഒൺലി റെസ്സ്‌സിറ്റേഷൻ ഒരു ചെറിയ പ്രഥമ ശുശ്രൂഷയായി പറയുന്നത്.

സി.പി.ആർ എപ്പോൾ നൽകണം?

ഒരാൾ കുഴഞ്ഞുവീഴുകയും താഴെ പറയുന്ന ലക്ഷണങ്ങൾ കാണിക്കുകയും ചെയ്താൽ വൈകാതെ സി.പി.ആർ ആരംഭിക്കണം:

  • അബോധാവസ്ഥയിലാവുക (വിളിച്ചാൽ പ്രതികരിക്കാതിരിക്കുക).
  • ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയോ അല്ലെങ്കിൽ ശ്വാസം പൂർണ്ണമായും നിലയ്ക്കുകയോ ചെയ്യുക.
  • നാഡിമിടിപ്പ് (Pulse) ഇല്ലാതിരിക്കുക.

സി.പി.ആർ ചെയ്യുന്നത് എങ്ങനെ? (ലളിതമായ ഘട്ടങ്ങൾ)

വൈദ്യസഹായം ലഭിക്കുന്നത് വരെ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക:

  1. സഹായത്തിനായി വിളിക്കുക: ഉടൻ തന്നെ ആംബുലൻസ് വിളിക്കാനോ (108 പോലുള്ള നമ്പറുകളിൽ) മറ്റുള്ളവരുടെ സഹായം തേടാനോ ശ്രദ്ധിക്കുക.
  2. നെഞ്ചിൽ അമർത്തുക (Chest Compressions): രോഗിയെ കടുപ്പമുള്ള നിരപ്പായ സ്ഥലത്ത് കിടത്തുക. നിങ്ങളുടെ ഒരു കൈപ്പത്തി രോഗിയുടെ നെഞ്ചിന്റെ മധ്യഭാഗത്ത് വെക്കുക, അതിനു മുകളിൽ മറ്റേ കൈ കോർത്തുപിടിക്കുക.
  3. വേഗതയും ആഴവും: മിനിറ്റിൽ 100-120 തവണ എന്ന വേഗതയിൽ നെഞ്ചിൽ അമർത്തുക. ഓരോ തവണ അമർത്തുമ്പോഴും നെഞ്ച് ഏകദേശം 2 ഇഞ്ച് താഴേക്ക് അമരണമെന്നത് ശ്രദ്ധിക്കണം.
  4. തുടർച്ചയായി ചെയ്യുക: പ്രൊഫഷണൽ മെഡിക്കൽ സഹായം ലഭിക്കുന്നത് വരെയോ രോഗിക്ക് ബോധം വരുന്നത് വരെയോ ഇത് തുടരുക.

സി.പി.ആർ ഫലപ്രദമാണോ?

അതെ, ഇത് താഴെ പറയുന്ന രീതിയിൽ സഹായിക്കുന്നു:

  • രക്തയോട്ടം നിലനിർത്തുന്നു: ഹൃദയം സ്തംഭിക്കുമ്പോൾ ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക്, പ്രത്യേകിച്ച് തലച്ചോറിലേക്ക് രക്തം എത്തിക്കാൻ സി.പി.ആർ സഹായിക്കുന്നു.
  • തലച്ചോറിന്റെ നാശം തടയുന്നു: രക്തയോട്ടം നിലച്ചാൽ മിനിറ്റുകൾക്കുള്ളിൽ തലച്ചോറിലെ കോശങ്ങൾ നശിച്ചു തുടങ്ങും. സി.പി.ആർ ഇത് ഒരു പരിധിവരെ തടയുന്നു.
  • ഷോക്ക് നൽകാനുള്ള സമയം നൽകുന്നു: എ.ഇ.ഡി (AED) മെഷീൻ ഉപയോഗിച്ച് ഷോക്ക് നൽകുന്നത് വരെ രോഗിയെ ജീവനോടെ നിലനിർത്താൻ സി.പി.ആർ സഹായിക്കുന്നു.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

സി.പി.ആർ ചെയ്യുമ്പോൾ വാരിയെല്ലിന് ചെറിയ പരിക്കുകൾ പറ്റിയേക്കാം എന്ന ഭയത്താൽ പലരും ഇത് ചെയ്യാൻ മടിക്കാറുണ്ട്. എന്നാൽ ഒരു ജീവൻ രക്ഷിക്കുന്നതിനേക്കാൾ വലുതല്ല ഇത്തരം ചെറിയ പരിക്കുകൾ. ശരിയായ പരിശീലനം ലഭിച്ചിട്ടില്ലെങ്കിൽ പോലും ‘Hands-only CPR’ (നെഞ്ചിൽ മാത്രം അമർത്തുന്ന രീതി) ചെയ്യുന്നത് ഒന്നു ചെയ്യാതിരിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ് ഗുണകരമാണ്.