കൊളസ്ട്രോളും ഹാർട്ട് അറ്റാക്കും
കൊളസ്ട്രോളും ഹാർട്ട് അറ്റാക്കും
രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ ഹാർട്ട് അറ്റാക്കിനുള്ള പ്രധാന അപകട ഘടകങ്ങളിലൊന്നാണ്. രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ ഹൃദയത്തിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം കൊണ്ടുപോകുന്ന കൊറോണറി ധമനികളിൽ കൊഴുപ്പ് ഫലകങ്ങൾ രൂപപ്പെടുന്നതിലേക്ക് നയിക്കുന്നു. കൊറോണറി ധമനി തടസ്സപ്പെടുമ്പോൾ, ഹൃദയപേശികളുടെ ഒരു ഭാഗം തകരാറിലാകുകയും ഹൃദയാഘാതം ഉണ്ടാക്കുകയും ചെയ്യുന്നു.
ഉയർന്ന കൊളസ്ട്രോൾ കൂടാതെ മറ്റു പല ഘടകങ്ങളും കൊറോണറി ധമനി തടസ്സപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ഹാർട്ട് അറ്റാക്കിലേക്ക് നയിക്കുകയും ചെയ്യാം. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പുകവലി, വ്യായാമക്കുറവ് എന്നിവയാണ് അവയിൽ ചിലത്. കൂടാതെ പുരുഷന്മാരിലും പ്രായമായവരിലും ഹാർട്ട് അറ്റാക്കിന്റെ സാധ്യത അധികമാണ്. പാരമ്പര്യ ഘടകങ്ങളും പ്രധാനമാണ്.
ഇങ്ങനെ മറ്റ് നിരവധി അപകട ഘടകങ്ങൾ ഉള്ളതിനാൽ, അധിക കൊളസ്ട്രോൾ ഇല്ലാതെയും ഹാർട്ട് അറ്റാക്ക് ഉണ്ടാകാം. എന്നാൽ എളുപ്പത്തിൽ മെച്ചപ്പെടുത്താവുന്ന അപകട ഘടകങ്ങളിലൊന്നാണ് കൊളസ്ട്രോൾ, അതിനാലാണ് അപകട ഘടകമെന്ന നിലയിൽ കൊളസ്ട്രോളിന്റെ പ്രാധാന്യം. ഭക്ഷണക്രമം, വ്യായാമം, എന്നിവയിൽ മാറ്റം വരുത്തുന്നതിലൂടെയും മരുന്നുകൾ വഴിയും കൊളസ്ട്രോൾ കുറയ്ക്കാനാകും.