“Cough CPR” ഉപയോഗപ്രദമാണോ?

“Cough CPR” ഉപയോഗപ്രദമാണോ?

കാർഡിയാക് അറസ്റ്റ് ഉണ്ടായാൽ ശ്വസനവും രക്തചംക്രമണവും നിലനിർത്തുന്നതിനാണ് കാർഡിയോപൾമോണറി റെസ്സ്‌സിറ്റേഷൻ അഥവ CPR നൽകുന്നത്. സാധാരണ CPR-ന് ബോധരഹിതനായ ഹൃദയസ്തംഭനത്തിന് ഇരയായ വ്യക്തിക്ക് നെഞ്ച് കംപ്രഷനും കൃത്രിമ ശ്വാസോച്ഛ്വാസവും ചെയ്യാൻ മറ്റൊരാൾ ആവശ്യമാണ്. ചുമ നെഞ്ചിനുള്ളിലെ മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയത്തിൽ നിന്ന് കുറച്ച് രക്തം അയോർട്ടയിലേക്ക് തള്ളുകയും ചെയ്യുന്നു. സൈദ്ധാന്തികമായി, ഹൃദയസ്തംഭന സമയത്ത് ചുമച്ചു കൊണ്ടിരിക്കുകയാണെങ്കിൽ ഒരാൾക്ക് ബോധം നിലനിർത്താം. എന്നാൽ ഹൃദയസ്തംഭനത്തിൽ ബോധം നഷ്ടപ്പെടുന്നത് വളരെ വേഗത്തിലായതിനാൽ പ്രായോഗികമായി ഇത് ഉപയോഗപ്രദമല്ല, തുടക്കത്തിൽ തന്നെ ഹൃദയസ്തംഭനം തിരിച്ചറിയാൻ വ്യക്തിക്ക് സാധിക്കില്ല. ഹാർട്ട് അറ്റാക്ക് ചിലപ്പോൾ ഹൃദയസ്തംഭനത്തിന് കാരണമാകുമെങ്കിലും, നെഞ്ചുവേദനയ്ക്ക് കാരണമാകുന്ന ഹാർട്ട് അറ്റാക്ക് ഹൃദയസ്തംഭനത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.

“Cough CPR” ഉപയോഗപ്രദമാണോ

ഇസിജി മോണിറ്ററിൽ ഹൃദയം മന്ദഗതിയിലാകുന്നത് കാണുമ്പോൾ കാർഡിയാക് ആൻജിയോഗ്രാഫി സമയത്ത് ഈ രീതി പതിവായി ഉപയോഗിക്കുന്നു. രക്തചംക്രമണം നിലനിർത്താൻ ആവർത്തിച്ച് ചുമക്കാൻ വ്യക്തിയോട് ആവശ്യപ്പെടുന്നു. ഹൃദയമിടിപ്പ് പെട്ടെന്ന് മെച്ചപ്പെടും. ഹൃദയമിടിപ്പ് സ്വയമേവ കൂടുന്നില്ലെങ്കിൽ ഹൃദയമിടിപ്പ് കൂട്ടാൻ മരുന്നുകൾ നൽകാൻ ഇത് വഴി സമയം ലഭിക്കുന്നു. ഇവിടെ, ഡോക്ടറാണ് ഹൃദയമിടിപ്പ് കുറയുന്നത് മോണിറ്ററിൽ കാണുകയും ചുമക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത്, വ്യക്തി സ്വയം അല്ല. മാത്രവുമല്ല അത് ഹൃദയമിടിപ്പിലെ ക്ഷണികമായ കുറവ് മാത്രമാണ്, പലപ്പോഴും താനെ മെച്ചപ്പെടും. എന്നാൽ സാധാരണ കാർഡിയാക് അറസ്റ്റ് വെൻട്രിക്കുലാർ ഫിബ്രിലേഷൻ മൂലമാണ്, ഡിഫിബ്രിലേറ്റർ ഉപയോഗിച്ച് ഡയറക്ട് കറന്റ് ഷോക്ക് നൽകിയില്ലെങ്കിൽ നോർമൽ ആക്കാനാവില്ല.