ഹൃദ്രോഗം പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ഹൃദ്രോഗത്തിൻ്റെ തരത്തെ ആശ്രയിച്ചിരിക്കും ലക്ഷണങ്ങൾ. ചില സാഹചര്യങ്ങളിൽ രോഗലക്ഷണങ്ങളില്ലാതെ നിശബ്ദ ഹൃദ്രോഗം പോലും ഉണ്ടാകാം. ഹൃദയത്തിൻ്റെ ജനന വൈകല്യങ്ങളിൽ പലതും ദീർഘകാലത്തേക്ക് രോഗലക്ഷണങ്ങളില്ലാതെ തുടരുന്നു.

ചിലർക്ക് മറ്റൊരു രോഗാവസ്ഥയിലോ വലിയ സമ്മർദപൂരിതമായ സാഹചര്യത്തിലോ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ചിലപ്പോൾ നിശബ്ദമായ ഹൃദ്രോഗത്തിൻ്റെ ആദ്യ ലക്ഷണം പെട്ടെന്നുള്ള മരണം ആവാം. വ്യക്തിൾ തമ്മിൽ രോഗലക്ഷണങ്ങളിൽ ധാരാളം വ്യത്യാസങ്ങൾ ഉണ്ടാകാം. രോഗലക്ഷണങ്ങളുടെ കാഠിന്യം ചില സന്ദർഭങ്ങളിൽ ഹൃദ്രോഗത്തിൻ്റെ തീവ്രതയുമായി പൊരുത്തപ്പെടണമെന്നില്ല.

എല്ലാവർക്കും പരിചിതമായ ഹൃദ്രോഗത്തിൻ്റെ പ്രധാന ലക്ഷണം ഹാർട്ട് അറ്റാക്കിന്റെ കഠിനമായ നെഞ്ചുവേദനയാണ്. അത് കൈകളിലേക്കോ താടിയെല്ലിലേക്കോ വ്യാപിച്ചേക്കാം. അമിതമായ വിയർപ്പ് അല്ലെങ്കിൽ ചിലപ്പോൾ ശ്വാസതടസ്സം, തലകറക്കം എന്നിവയുമുണ്ടാകാം. ചിലർക്ക് കഠിനമായ ക്ഷീണം അനുഭവപ്പെടാം.

ഹൃദയത്തിന്റെ ഒരു ഭാഗത്തെ പേശിയിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിൻ്റെ പ്രധാന ലക്ഷണം അദ്ധ്വാനനിക്കുമ്പോൾ ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ കുറയുകയും ചെയ്യുന്ന നെഞ്ചുവേദനയാണ്. ഇത് effort angina എന്ന് വിളിക്കപ്പെടുന്നു. ഹൃദയത്തിലേക്ക് ഓക്‌സിജൻ അടങ്ങിയ രക്തം വിതരണം ചെയ്യുന്ന കൊറോണറി ധമനികളുടെ തടസ്സം ക്രമേണ വർദ്ധിക്കുന്നതായി ഇത് സൂചിപ്പിക്കുന്നു.
ഈ വേദന താടിയെല്ലിലേക്കോ കഴുത്തിലേക്കോ കൈകളിലേക്കോ വ്യാപിച്ചേക്കാം. ചിലർക്ക് വയറിൻ്റെ മുകൾ ഭാഗത്ത് വേദന അനുഭവപ്പെടാം. അപൂർവ്വമായി താടിയെല്ല് വേദനയോ കൈത്തണ്ടയിലെ വേദനയോ നെഞ്ചുവേദനയില്ലാതെയും ഉണ്ടാകാം.

അദ്ധ്വാനിക്കുമ്പോൾ ഉണ്ടാകുന്ന ശ്വാസതടസ്സം, വിശ്രമത്തിലൂടെ ആശ്വാസം ലഭിക്കുന്നത് ഹൃദ്രോഗത്തിൻ്റെ മറ്റൊരു പ്രധാന ലക്ഷണമാണ്, എന്നിരുന്നാലും ഇത് ശ്വാസകോശരോഗം മൂലമോ രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് കുറയുന്നതിനാലോ ആകാം. ഉറക്കത്തിൽ പെട്ടെന്നുള്ള ശ്വാസതടസ്സം, കിടക്കുമ്പോൾ വഷളാകുന്ന ശ്വാസതടസ്സം എന്നിവയും ചില തരത്തിലുള്ള ഹൃദ്രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങളാണ്.

ഹൃദ്രോഗത്തിൻ്റെ ചില രൂപങ്ങൾ, പ്രത്യേകിച്ച് ഹൃദയത്തിൻ്റെ ജനന വൈകല്യങ്ങൾ, ചർമ്മത്തിനും ചുണ്ടുകൾക്കും നീലകലർന്ന നിറം ഉണ്ടാക്കുന്നു. രക്തത്തിൽ ഓക്സിജൻ്റെ അളവ് കുറയുന്നതാണ് ഇതിന് കാരണം.

രക്തം തുപ്പുന്നതും ഹൃദ്രോഗത്തിൻ്റെ ലക്ഷണമാകാം, എന്നിരുന്നാലും ഇത് പലപ്പോഴും ശ്വാസകോശ രോഗത്തിൻ്റെ ലക്ഷണമാണ്.
ഹൃദയ വാൽവിലെ അണുബാധകൾക്കൊപ്പം നീണ്ടുനിൽക്കുന്ന പനി ഉണ്ടാകാം. ഹൃദയ വാൽവുകളിലെ അണുബാധയിലും അതുപോലെ ഹൃദയ വാൽവുകളെ ബാധിക്കുന്ന റുമാറ്റിക് ഫീവറിലും സന്ധി വേദനയും വീക്കവും ഉണ്ടാകാം.

നെഞ്ചിടിപ്പും മറ്റൊരു പ്രധാന ലക്ഷണമാണ്, എന്നിരുന്നാലും ഇത് ഉത്കണ്ഠയും അമിതമായ അധ്വാനം മൂലവും ഉണ്ടാകാം. ഹൃദയതാളത്തിലെ അസാധാരണതയെ ആശ്രയിച്ച്, ഹൃദയമിടിപ്പ് വേഗത്തിലോ മന്ദഗതിയിലോ ക്രമത്തിലോ ക്രമരഹിതമോ ആകാം.

സ്ട്രോക്ക് അഥവാ ശരീരത്തിൻ്റെ ഒരു ഭാഗം പെട്ടന്ന് തളർന്നു പോവുക, ഹൃദ്രോഗത്തിൻ്റെ പരോക്ഷമായ ലക്ഷണമാകാം. ഹൃദയത്തിൻ്റെ മുകൾ അറകളുടെ അസാധാരണ താളമായ ഏട്രിയൽ ഫൈബ്രിലേഷൻ ഹൃദയത്തിൽ രക്തം കട്ടപിടിക്കാൻ കാരണമാകും.
ഈ രക്ത കട്ടകൾ ഹൃദയത്തിൽ നിന്ന് പുറത്തേക്ക് നീങ്ങുകയും തലച്ചോറിലെ രക്തക്കുഴലുകളെ തടയുകയും സ്ട്രോക്ക് ഉണ്ടാക്കുകയും ചെയ്യാം. ഹൃദയ വാൽവുകളുടെ രോഗങ്ങളിലും സമാനമായ രക്ത കട്ടകൾ ഉണ്ടാകാം.